ദുഃഖത്തിന്റെ കാരണം: ബുദ്ധൻ പറഞ്ഞ 4 സത്യങ്ങൾ - The Four Noble Truths



ഒരു രാജകുമാരനായി ജനിച്ചിട്ടും, കൊട്ടാരത്തിലെ സകല സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സത്യം തേടി ഇറങ്ങിയ മനുഷ്യനാണ് സിദ്ധാർത്ഥൻ, പിന്നീട് നമ്മൾ അദ്ദേഹത്തെ 'ബുദ്ധൻ' എന്ന് വിളിച്ചു.

മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്: "എന്തുകൊണ്ടാണ് മനുഷ്യർ ദുഃഖിക്കുന്നത്? എങ്ങനെ ഇതിൽ നിന്ന് മോചനം നേടാം?"

ദീർഘകാലത്തെ ധ്യാനത്തിന് ശേഷം ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ വെച്ച് അദ്ദേഹത്തിന് അതിനുള്ള ഉത്തരം ലഭിച്ചു. അതിനെയാണ് 'ചതുരാര്യ സത്യങ്ങൾ' (Four Noble Truths) എന്ന് വിളിക്കുന്നത്.

1. ജീവിതം ദുഃഖമാണ് (Dukkha) ജനനം, മരണം, രോഗം, വേർപാട്, ഇഷ്ടമില്ലാത്തത് സംഭവിക്കുന്നത്... എല്ലാം ദുഃഖമാണ്. ഇനി സന്തോഷം കിട്ടിയാൽ തന്നെ അത് ശാശ്വതമല്ല. ആ സന്തോഷം തീരുമോ എന്ന പേടി വീണ്ടും ദുഃഖം നൽകുന്നു. ചുരുക്കത്തിൽ, ജീവിതം എന്നത് തൃപ്തി വരാത്ത ഒരു അവസ്ഥയാണ്.

2. ദുഃഖത്തിന് ഒരു കാരണമുണ്ട് (Samudaya) കാരണമില്ലാതെ ഒന്നും സംഭവിക്കില്ലല്ലോ. ബുദ്ധന്റെ അഭിപ്രായത്തിൽ നമ്മുടെ ദുഃഖത്തിന്റെ പ്രധാന കാരണം 'തൃഷ്ണ' (Desire/Craving) ആണ്. നമുക്ക് എപ്പോഴും എന്തെങ്കിലും വേണം. പണം വേണം, അധികാരം വേണം, സ്നേഹം വേണം, കൂടുതൽ കാലം ജീവിക്കണം... ഈ ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. കിട്ടും തോറും ആഗ്രഹം കൂടിക്കൊണ്ടിരിക്കും.

3. ദുഃഖം അവസാനിപ്പിക്കാൻ കഴിയും (Nirodha) ഇതൊരു നല്ല വാർത്തയാണ്. കാരണത്തെ ഇല്ലാതാക്കിയാൽ ഫലത്തെയും ഇല്ലാതാക്കാം. ആഗ്രഹങ്ങളെയും അത്യാഗ്രഹങ്ങളെയും നിയന്ത്രിക്കാൻ പഠിച്ചാൽ, ദുഃഖത്തിൽ നിന്ന് മോചനം നേടാം. ഇതിനെയാണ് 'നിർവാണം' എന്ന് പറയുന്നത്.

4. അതിനൊരു വഴിയുണ്ട് (Magga) ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ ബുദ്ധൻ 8 വഴികൾ (അഷ്ടാംഗ മാർഗ്ഗങ്ങൾ) നിർദ്ദേശിച്ചു. നല്ല ചിന്ത, നല്ല വാക്ക്, നല്ല പ്രവർത്തി, നല്ല ജീവിതരീതി തുടങ്ങിയ ശരിയായ ശീലങ്ങളിലൂടെ മനസ്സിനെ പാകപ്പെടുത്തിയാൽ നമുക്ക് സമാധാനം കണ്ടെത്താം.

നമുക്ക് ദുഃഖം ഉണ്ടാകുന്നത് നമുക്ക് ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്തിട്ടാണ്. "എനിക്ക് ആ ഫോൺ വേണം, എനിക്ക് ആ വീട് വേണം" എന്ന് ചിന്തിച്ച് നമ്മൾ സങ്കടപ്പെടുന്നു. ഉള്ളതിൽ സംതൃപ്തി കണ്ടെത്തുകയും, അമിതമായ ആഗ്രഹങ്ങളെ ഉപേക്ഷിക്കുകയും ചെയ്താൽ പകുതി പ്രശ്നങ്ങൾ അവിടെ തീരും.

സന്തോഷം എന്നത് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിലല്ല, മറിച്ച് മനസ്സിന്റെ ശാന്തതയിലാണ്.

വളരെ പുതിയ വളരെ പഴയ