ഫലം നോക്കാതെ കടമ ചെയ്യുക - ഇമ്മാനുവൽ കാന്റിന്റെ ചിന്തകൾ - Immanuel Kant



കഴിഞ്ഞ പോസ്റ്റിൽ നമ്മൾ ട്രോളി പ്രശ്നത്തെക്കുറിച്ച് പറഞ്ഞപ്പോൾ, 5 പേരെ രക്ഷിക്കാൻ ഒരാളെ കൊല്ലുന്നത് ശരിയാണെന്ന് ചിലർ വാദിച്ചു എന്ന് പറഞ്ഞല്ലോ . എന്നാൽ ജർമ്മൻ ചിന്തകനായ ഇമ്മാനുവൽ കാന്റ് (Immanuel Kant) ഇത് സമ്മതിക്കില്ല. അദ്ദേഹത്തിന് ഫലത്തിലല്ല, പ്രവർത്തിയിലാണ് വിശ്വാസം.

കാറ്റഗറിക്കൽ ഇംപെറേറ്റീവ് 

കാന്റ് പറഞ്ഞത് ലളിതമായ കാര്യമാണ്: "ചില കാര്യങ്ങൾ എപ്പോഴും തെറ്റാണ്. എന്ത് ലാഭമുണ്ടായാലും അത് തെറ്റാണ്." ഉദാഹരണത്തിന് കൊലപാതകം. 5 പേരെ രക്ഷിക്കാൻ വേണ്ടിയാണെങ്കിൽ പോലും, നിരപരാധിയായ ഒരാളെ കൊല്ലുന്നത് തെറ്റാണ്.

അദ്ദേഹം മുന്നോട്ട് വെച്ച നിയമമാണ് 'കാറ്റഗറിക്കൽ ഇംപെറേറ്റീവ്' (Categorical Imperative). ഇത് രണ്ട് കാര്യങ്ങൾ പറയുന്നു:

  1. എല്ലാവരും അത് ചെയ്താൽ എന്താകും? നിങ്ങൾ ഒരു കാര്യം ചെയ്യുന്നതിന് മുൻപ് ചിന്തിക്കുക: "ലോകത്തുള്ള എല്ലാവരും എന്നെപ്പോലെ ചെയ്താൽ ഈ ലോകം എങ്ങനെയിരിക്കും?" ഉദാഹരണത്തിന്, നിങ്ങൾ സിഗ്നൽ തെറ്റിക്കുന്നു. "എല്ലാവരും സിഗ്നൽ തെറ്റിച്ചാൽ എന്ത് സംഭവിക്കും?" അപകടം നടക്കും, ഗതാഗതം സ്തംഭിക്കും. അതുകൊണ്ട് സിഗ്നൽ തെറ്റിക്കുന്നത് തെറ്റാണ്. അത് നിങ്ങൾക്ക് അത്യാവശ്യമുണ്ടെങ്കിൽ പോലും.

  2. മനുഷ്യനെ ഉപയോഗിക്കരുത് മനുഷ്യരെ വെറുമൊരു ഉപകരണമായി കാണരുത്. സ്വന്തം ലാഭത്തിന് വേണ്ടി മറ്റൊരാളെ ഉപയോഗിക്കുന്നത് തെറ്റാണ്. ഒരു കടക്കാരൻ നിങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നത്, നിങ്ങൾ സാധനം വാങ്ങാൻ വേണ്ടി മാത്രമാണെങ്കിൽ, അയാൾ നിങ്ങളെ ഒരു 'പണപ്പെട്ടിയായി' മാത്രമാണ് കാണുന്നത്. അത് ശരിയല്ല.

കടമയാണ് പ്രധാനം 

നമ്മൾ നല്ല കാര്യങ്ങൾ ചെയ്യേണ്ടത് സ്വർഗ്ഗം കിട്ടാനോ, മറ്റുള്ളവരുടെ കൈയടി നേടാനോ അല്ല. അത് നമ്മുടെ കടമ (Duty) ആയതുകൊണ്ടാണ്. സത്യം പറയണം എന്ന് പറയുന്നത്, അത് നമ്മുടെ കടമയായതുകൊണ്ടാണ്. അല്ലാതെ സത്യം പറഞ്ഞാൽ ലാഭമുണ്ടാകുന്നത് കൊണ്ടല്ല.

നമ്മുടെ വികാരങ്ങൾക്കും ലാഭനഷ്ടങ്ങൾക്കും അപ്പുറം, ശരിക്ക് വേണ്ടി നിലകൊള്ളാനാണ് കാന്റ് ആവശ്യപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ