നിങ്ങൾ റോഡിലൂടെ നടക്കുമ്പോൾ ഒരു 1000 രൂപയുടെ നോട്ട് കിട്ടി എന്ന് കരുതുക. നിങ്ങൾക്ക് സന്തോഷമാകും. അടുത്ത ദിവസം ആ 1000 രൂപ നിങ്ങളുടെ പോക്കറ്റിൽ നിന്ന് കാണാതെ പോയി. നിങ്ങൾക്ക് സങ്കടമാകും.
ഇവിടെയാണ് ചോദ്യം: കിട്ടിയപ്പോൾ ഉണ്ടായ സന്തോഷമാണോ, നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ സങ്കടമാണോ കൂടുതൽ? മിക്കവാറും പേർക്കും ആ സങ്കടമായിരിക്കും കൂടുതൽ ശക്തം. രണ്ടും 1000 രൂപ തന്നെയാണ്. പക്ഷേ ലാഭത്തേക്കാൾ കൂടുതൽ നമ്മളെ വേദനിപ്പിക്കുന്നത് നഷ്ടമാണ്. ഇതിനെയാണ് 'ലോസ് അവേർഷൻ' (Loss Aversion) എന്ന് വിളിക്കുന്നത്.
മനഃശാസ്ത്രജ്ഞനായ ഡാനിയൽ കാനെമാൻ (Daniel Kahneman) പറയുന്നത്, ലാഭത്തിൽ നിന്നുള്ള സന്തോഷത്തേക്കാൾ രണ്ട് മടങ്ങ് ശക്തിയുണ്ട് നഷ്ടത്തിൽ നിന്നുള്ള വേദനയ്ക്ക് എന്നാണ്. അതുകൊണ്ടാണ് നമ്മൾ പലപ്പോഴും റിസ്ക് എടുക്കാത്തത്.
പുതിയ ബിസിനസ് തുടങ്ങിയാൽ കിട്ടാൻ പോകുന്ന ലാഭത്തെക്കാൾ നമ്മൾ ചിന്തിക്കുന്നത്, "ഉള്ള കാശ് പോകുമോ" എന്നതിനെക്കുറിച്ചാണ്.
ഷെയർ മാർക്കറ്റിൽ വില കുറയുമ്പോൾ തന്നെ നമ്മൾ പേടിച്ച് വിൽക്കുന്നത് ഇതുകൊണ്ടാണ്.
മാർക്കറ്റിംഗ് തന്ത്രം
കച്ചവടക്കാർ ഇത് നന്നായി മുതലെടുക്കും. "50% ലാഭം" എന്ന് പറയുന്നതിനേക്കാൾ ആളുകൾ ശ്രദ്ധിക്കുക "ഇന്ന് വാങ്ങിച്ചില്ലെങ്കിൽ 50% നഷ്ടമാകും" എന്ന് പറയുമ്പോഴാണ്. "Limited Time Offer", "Only 2 Left" എന്നൊക്കെ കാണുമ്പോൾ നമ്മൾ ഓടിപ്പോയി വാങ്ങുന്നത് ആ സാധനം വോണ്ടതുകൊണ്ടല്ല, മറിച്ച് അത് നഷ്ടപ്പെടുമോ എന്ന പേടി കൊണ്ടാണ് (FOMO).
നഷ്ടം വരുമോ എന്ന പേടിയിൽ ജീവിച്ചാൽ, ഒരിക്കലും വലിയ ലാഭം നേടാൻ കഴിയില്ല. കളിക്കളത്തിൽ ഇറങ്ങിയാൽ ചിലപ്പോൾ തോൽക്കും. അത് സ്വാഭാവികമാണ്. തോൽക്കാൻ തയ്യാറുള്ളവർക്ക് മാത്രമേ ജയിക്കാനും അവകാശമുള്ളൂ. നഷ്ടഭയത്തെ (Fear of Loss) ജയിക്കുന്നിടത്താണ് കളി തുടങ്ങുന്നത്.
