നിങ്ങൾ നിങ്ങളാണെന്ന് എന്താണ് ഉറപ്പ്? കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്ന രൂപമാണോ നിങ്ങൾ? അതോ നിങ്ങളുടെ ഓർമ്മകളാണോ? ഈ ചോദ്യം ചോദിക്കുന്നത് 'തേസ്യൂസിന്റെ കപ്പൽ' (Ship of Theseus) എന്ന പഴയൊരു ചിന്താപരീക്ഷണത്തിലൂടെയാണ്.
കപ്പലിന്റെ കഥ
തേസ്യൂസ് എന്ന രാജാവിന് വലിയൊരു മരക്കപ്പൽ ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ട് അതിന്റെ പലകകൾ ഓരോന്നായി കേടുവന്നു. കേടുവന്ന പലകകൾ മാറ്റി പുതിയ പലകകൾ വെച്ചു. വർഷങ്ങൾ കഴിഞ്ഞപ്പോൾ, ആ കപ്പലിലെ എല്ലാ പഴയ പലകകളും മാറി, പകരം പുതിയ പലകകളായി.
ഇവിടെയാണ് ചോദ്യം: ഇപ്പോഴും അത് പഴയ തേസ്യൂസിന്റെ കപ്പൽ തന്നെയാണോ?
അതെ എന്ന് പറഞ്ഞാൽ: അതിലെ ഒരു ഭാഗം പോലും പഴയതല്ല. എല്ലാം പുതിയതാണ്. പിന്നെങ്ങനെ അത് പഴയ കപ്പലാകും? അല്ല എന്ന് പറഞ്ഞാൽ: ഏത് നിമിഷമാണ് അത് പുതിയ കപ്പലായി മാറിയത്? 50-ാമത്തെ പലക മാറ്റിയപ്പോഴാണോ? അതോ അവസാനത്തെ പലക മാറ്റിയപ്പോഴാണോ?
ട്വിസ്റ്റ്
ഇനി വേറൊരു കാര്യം. ആ പഴയ പലകകൾ (കേടുവന്നവ) ആരും കളഞ്ഞില്ല. അതുകൊണ്ട് വേറൊരുത്തൻ ഒരു കപ്പൽ ഉണ്ടാക്കി എന്ന് കരുതുക. ഇപ്പോൾ രണ്ട് കപ്പലുണ്ട്. ഏതാണ് യഥാർത്ഥ തേസ്യൂസിന്റെ കപ്പൽ?
നമ്മുടെ കാര്യം
ഇത് കപ്പലിന്റെ മാത്രം കാര്യമല്ല, നമ്മുടെയും കാര്യമാണ്. ശാസ്ത്രം പറയുന്നത് ഓരോ 7-10 വർഷം കൂടുമ്പോഴും നമ്മുടെ ശരീരത്തിലെ കോശങ്ങൾ (Cells) പൂർണ്ണമായി മാറി പുതിയതാകുന്നു എന്നാണ്. നിങ്ങളുടെ പഴയ ശരീരഭാഗങ്ങൾ ഒന്നും ഇപ്പോഴില്ല. നിങ്ങളുടെ ചിന്തകൾ മാറി, സ്വഭാവം മാറി, രൂപം മാറി. എന്നിട്ടും നിങ്ങൾ പറയുന്നു "ഇത് ഞാൻ തന്നെയാണ്" എന്ന്.
എന്താണ് ആ 'ഞാൻ'? ശരീരമാണോ? അതോ മാറിക്കൊണ്ടിരിക്കുന്ന ഒരു തോന്നലാണോ? ഒരു നദിയിലേക്ക് നിങ്ങൾക്ക് രണ്ട് തവണ ഇറങ്ങാൻ കഴിയില്ല എന്ന് പറയാറുണ്ട്. കാരണം രണ്ടാമത് ഇറങ്ങുമ്പോഴേക്കും വെള്ളം ഒഴുകിപ്പോയിട്ടുണ്ടാകും, നിങ്ങളും മാറിയിട്ടുണ്ടാകും.
