സംഭവിച്ചാൽ അപ്പൊത്തന്നെ നമ്മളൊരു വിധി എഴുതും. "ഹാ! എന്റെ സമയം തെളിഞ്ഞു" എന്നോ, "എല്ലാം നശിച്ചു" എന്നോ. പക്ഷേ കാര്യങ്ങൾ നമ്മൾ വിചാരിക്കുന്ന പോലെയല്ല എന്ന് കാണിക്കാൻ ഒരു കർഷകന്റെ കഥയുണ്ട്.
ഒരു ഗ്രാമത്തിൽ ഒരു വൃദ്ധനായ കർഷകൻ ഉണ്ടായിരുന്നു. അയാൾക്ക് ആകെയുണ്ടായിരുന്നത് ഒരു കുതിരയാണ്. ഒരു ദിവസം ആ കുതിര ഓടിപ്പോയി. നാട്ടുകാർ മുഴുവൻ ഓടിക്കൂടി. "അയ്യോ! എന്തൊരു കഷ്ടമാണ്. നിന്റെ ആകെ ഉണ്ടായിരുന്ന സമ്പാദ്യമല്ലേ പോയത്. നിനക്ക് എന്ത് നിർഭാഗ്യമാണ്!" അയാൾ ശാന്തമായി പറഞ്ഞു: "ആർക്കറിയാം? ആയിരിക്കാം."
പിറ്റേ ദിവസം ആ കുതിര തിരിച്ചുവന്നു. വന്നപ്പോൾ കാട്ടിലെ മൂന്ന് കുതിരകളെയും കൂട്ടിയാണ് വന്നത്. നാട്ടുകാർ വീണ്ടും വന്നു. "അളിയാ നീ രക്ഷപ്പെട്ടല്ലോ! ഇപ്പൊ നിനക്ക് നാല് കുതിരയായി. നിന്റെയൊരു ഭാഗ്യം!" അയാൾ അപ്പോഴും പറഞ്ഞു: "ആർക്കറിയാം? ആയിരിക്കാം."
കുറച്ച് ദിവസം കഴിഞ്ഞ് അയാളുടെ മകൻ ഈ കാട്ടുകുതിരയെ മെരുക്കാൻ നോക്കുന്നതിനിടയിൽ താഴെ വീണ് കാലൊടിഞ്ഞു. നാട്ടുകാർ വീണ്ടും സങ്കടപ്പെട്ടു. "നിന്റെ ഏക മകനല്ലേ? ഇനി പണിയെടുക്കാൻ ആരുമില്ലല്ലോ. എന്തൊരു കഷ്ടകാലമാണ്!" അയാൾ പഴയപോലെ പറഞ്ഞു: "ആർക്കറിയാം? ആയിരിക്കാം."
അടുത്ത ആഴ്ച രാജ്യത്ത് യുദ്ധം പ്രഖ്യാപിച്ചു. പട്ടാളക്കാർ വന്ന് ഗ്രാമത്തിലെ യുവാക്കളെയെല്ലാം പിടിച്ചുകൊണ്ട് പോയി. പക്ഷേ കർഷകന്റെ മകന് കാലൊടിഞ്ഞതുകൊണ്ട് അവനെ മാത്രം കൊണ്ടുപോയില്ല. ബാക്കിയെല്ലാവരും യുദ്ധത്തിൽ മരിച്ചു, ഇവൻ മാത്രം രക്ഷപ്പെട്ടു.
തിടുക്കപ്പെട്ട് വിധി എഴുതരുത്. ഇന്ന് നമുക്ക് വലിയൊരു ദുരന്തമായി തോന്നുന്ന കാര്യം, നാളെ ചിലപ്പോൾ വലിയൊരു ഗുണമായി മാറിയേക്കാം. തിരിച്ച്, ഇന്ന് കിട്ടുന്ന വലിയ ഭാഗ്യം നാളെ വലിയൊരു പണിയായിട്ടും വരാം.
ഒരു സിനിമ കാണുന്നത് പോലെയാണ് ജീവിതം. ഇന്റർവെൽ ആകുമ്പോഴേക്കും "കഥ കഴിഞ്ഞു" എന്ന് പറഞ്ഞ് എഴുന്നേറ്റ് പോകരുത്. ക്ലൈമാക്സ് ആകാത്തത് കൊണ്ടാണ്. അതുകൊണ്ട് എന്തെങ്കിലും മോശമായി സംഭവിച്ചാൽ, "അയ്യോ തീർന്നെ" എന്ന് നിലവിളിക്കാൻ നിൽക്കണ്ട. "ശരി, ഇനി എന്താ സംഭവിക്കുക എന്ന് നോക്കാം" എന്ന് കരുതിയാൽ മതി. സമാധാനം കിട്ടും.
