നിങ്ങളുടെ അലമാരയിൽ എത്ര ഉടുപ്പുകൾ ഉണ്ട്? ഒരു 50 എണ്ണം കാണുമോ? എങ്കിലും, ഇതിൽ എത്ര എണ്ണമാണ് നിങ്ങൾ സ്ഥിരമായി ഇടാറുള്ളത്? മിക്കവാറും ഒരു 10 എണ്ണം കാണും. ബാക്കിയുള്ളതെല്ലാം വല്ലപ്പോഴും മാത്രം പുറത്തെടുക്കുന്നവയാണ്. അതായത്, നിങ്ങളുടെ 20% ഉടുപ്പുകളാണ് നിങ്ങൾ 80% സമയത്തും ധരിക്കുന്നത്.
ഇത് ഉടുപ്പിന്റെ മാത്രം കാര്യമല്ല. ലോകത്തിലെ മിക്ക കാര്യങ്ങളും ഇങ്ങനെയാണ്. ഇതിനെയാണ് '80/20 നിയമം' അല്ലെങ്കിൽ 'പാരെറ്റോ പ്രിൻസിപ്പിൾ' (Pareto Principle) എന്ന് വിളിക്കുന്നത്.
ജീവിതത്തിലെ കണക്കുകൾ
നിങ്ങളുടെ ഫോണിലെ 80% ചാറ്റുകളും നടക്കുന്നത് വെറും 20% സുഹൃത്തുക്കളുമായാണ്.
ഒരു കമ്പനിയുടെ 80% ലാഭവും വരുന്നത് 20% ഉപഭോക്താക്കളിൽ നിന്നാണ്.
നിങ്ങളുടെ സങ്കടങ്ങളുടെ 80% കാരണങ്ങളും വെറും 20% പ്രശ്നങ്ങളിൽ നിന്നാണ്.
നമ്മൾ പലപ്പോഴും "കഠിനാധ്വാനം" (Hard Work ചെയ്യാനാണ് ശ്രമിക്കാറുള്ളത്. എന്നാൽ പാരെറ്റോ പറയുന്നത് "സ്മാർട്ട് വർക്ക്" ചെയ്യാനാണ്. നിങ്ങൾ ഒരു ദിവസം 10 കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ, അതിൽ 2 കാര്യങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ശരിക്കും ഗുണം ചെയ്യുന്നത്. ബാക്കി 8 കാര്യങ്ങളും സമയം കളയുന്ന ഏർപ്പാടായിരിക്കും.
ആ പ്രധാനപ്പെട്ട 20% കാര്യങ്ങൾ ഏതാണെന്ന് കണ്ടുപിടിക്കുക. അതിൽ മുഴുവൻ ശ്രദ്ധയും കൊടുക്കുക. ബാക്കിയുള്ള 80% കാര്യങ്ങളെ (അനാവശ്യ മീറ്റിംഗുകൾ, വെറുതെയുള്ള സംസാരങ്ങൾ) ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
എല്ലാം ചെയ്യാൻ ശ്രമിക്കരുത്. പ്രധാനം എന്ന് തോന്നുന്നവ മാത്രം ചെയ്യുക. കുറച്ച് അധ്വാനിച്ച് കൂടുതൽ നേടാനുള്ള വഴി ഇതാണ്.
