അപവാദങ്ങളെ എങ്ങനെ നേരിടാം ?



നമ്മുടെ പേരിൽ ആരെങ്കിലും ഇല്ലാത്തൊരു അപവാദം പറഞ്ഞാൽ നമ്മൾ എന്ത് ചെയ്യും? ബഹളമുണ്ടാക്കും, ഫേസ്ബുക്കിൽ ലൈവ് വരും, "എന്റെ നിരപരാധിത്വം തെളിയിക്കും" എന്ന് പറഞ്ഞ് നടക്കും. എന്നാൽ ഇതൊന്നും ചെയ്യാത്ത ഒരു മനുഷ്യനുണ്ടായിരുന്നു.

സെൻ മാസ്റ്ററായ ഹകുയിൻ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്നു. എല്ലാവർക്കും അദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു. അപ്പോഴാണ് അയൽപക്കത്തെ ഒരു പെൺകുട്ടി ഗർഭിണിയാകുന്നത്. വീട്ടുകാർ ചോദിച്ചപ്പോൾ, കാമുകനെ രക്ഷിക്കാൻ വേണ്ടി അവൾ കള്ളം പറഞ്ഞു: "ഹകുയിൻ ആണ് ഇതിന് കാരണം."

നാട്ടുകാർക്ക് ദേഷ്യം വന്നു. അവർ വടിയും വാളുമായി ഹകുയിന്റെ ആശ്രമത്തിലെത്തി. "നീ വലിയ സന്യാസിയാണെന്നാണല്ലോ ഞങ്ങൾ കരുതിയത്, നീ ഇത്ര മോശക്കാരനാണല്ലോ" എന്ന് പറഞ്ഞ് തെറിവിളിച്ചു. ഇതൊക്കെ കേട്ടിട്ട് ഹകുയിൻ ആകെ രണ്ട് വാക്കേ പറഞ്ഞുള്ളൂ: "അതെയോ?" (Is that so?)

കുഞ്ഞ് ജനിച്ചപ്പോൾ അവർ ആ കുഞ്ഞിനെ ഹകുയിന്റെ കൈയിൽ കൊടുത്തു. "ഇതാണ് നിന്റെ തന്ത, നീ തന്നെ നോക്കിക്കോ" എന്ന് പറഞ്ഞു. ഹകുയിൻ ഒന്നും മിണ്ടിയില്ല. അദ്ദേഹം ആ കുഞ്ഞിനെ വാങ്ങി. നാട്ടുകാരിൽ നിന്ന് പാൽ വാങ്ങിച്ച്, ഒരു അമ്മയെപ്പോലെ ആ കുഞ്ഞിനെ നോക്കി വളർത്തി. അദ്ദേഹത്തിന്റെ പേര് നാണംകെട്ടു, ശിഷ്യന്മാർ അദ്ദേഹത്തെ വിട്ടുപോയി. അദ്ദേഹം അതൊന്നും കാര്യമാക്കിയില്ല.

ഒരു വർഷം കഴിഞ്ഞു. ആ പെൺകുട്ടിക്ക് കുറ്റബോധം തോന്നി. അവൾ അച്ഛനമ്മമാരോട് സത്യം പറഞ്ഞു. "ഹകുയിൻ അല്ല, മീൻകച്ചവടക്കാരനാണ് കുഞ്ഞിന്റെ അച്ഛൻ." നാട്ടുകാർ ഞെട്ടിപ്പോയി. അവർ ഹകുയിന്റെ കാലിൽ വീണ് മാപ്പ് പറഞ്ഞു. "ഞങ്ങൾക്ക് തെറ്റുപറ്റി, കുഞ്ഞിനെ തിരിച്ചു തരണം" എന്ന് അപേക്ഷിച്ചു.

അപ്പോഴും ഹകുയിൻ അതേ രണ്ട് വാക്കുകൾ മാത്രം പറഞ്ഞു: "അതെയോ?" എന്നിട്ട് ചിരിച്ചുകൊണ്ട് കുഞ്ഞിനെ തിരിച്ചു കൊടുത്തു.

നിങ്ങളുടെ സൽപ്പേര് (Reputation) 

ആളുകൾ എന്ത് വിചാരിക്കും എന്ന് ഓർത്ത് നമ്മൾ എത്രത്തോളം ടെൻഷൻ അടിക്കാറുണ്ട്? ഹകുയിനെ സംബന്ധിച്ച്, ആളുകൾ അദ്ദേഹത്തെ സന്യാസി എന്ന് വിളിച്ചാലും തെമ്മാടി എന്ന് വിളിച്ചാലും അദ്ദേഹത്തിന് ഒരുപോലെയാണ്. അദ്ദേഹം ആരാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. മറ്റുള്ളവരുടെ സർട്ടിഫിക്കറ്റിന് വേണ്ടി ജീവിക്കാതിരിക്കുക. സത്യം എന്നായാലും പുറത്തുവരും. അതുവരെ "അതെയോ?" എന്ന് ചോദിച്ച് ചിരിച്ചുകൊണ്ട് മുന്നോട്ട് പോവുക.

വളരെ പുതിയ വളരെ പഴയ