പ്രിസണേഴ്സ് ഡിലെമ - Prisoner's Dilemma

 


വിശ്വാസം എന്നത് വെറുമൊരു വാക്കല്ല. അത് വലിയൊരു കണക്കുകൂട്ടലാണ്. നമ്മൾ മറ്റൊരാളെ വിശ്വസിക്കുന്നത് ലാഭമാണോ നഷ്ടമാണോ? ഇത് കണ്ടുപിടിക്കാൻ 'ഗെയിം തിയറി' (Game Theory) എന്നൊരു ശാഖ തന്നെയുണ്ട്. അതിലെ ഏറ്റവും പ്രശസ്തമായ ഒരു ചിന്താപരീക്ഷണമാണ് 'പ്രിസണേഴ്സ് ഡിലെമ' (Prisoner's Dilemma).

ഇതൊരു കഥയിലൂടെ മനസ്സിലാക്കാം.

കള്ളന്മാരും പോലീസും 

രണ്ട് കള്ളന്മാർ - നമുക്ക് അവരെ രമണൻ എന്നും ദാസൻ എന്നും വിളിക്കാം - ഒരു ചെറിയ മോഷണത്തിന് പോലീസിന്റെ പിടിയിലാകുന്നു. പോലീസിന് ഇവരെ വലിയൊരു കേസിൽ കുടുക്കണം. പക്ഷേ തെളിവില്ല. അതുകൊണ്ട് പോലീസ് രണ്ട് പേരെയും രണ്ട് മുറിയിൽ ഇരുത്തി ചോദ്യം ചെയ്യുന്നു. ഇവർക്ക് തമ്മിൽ സംസാരിക്കാൻ പറ്റില്ല.

പോലീസ് ഓരോരുത്തരോടും ഒരു ഡീൽ പറയുന്നു:

  • "നീ കുറ്റം സമ്മതിച്ച് (ഒറ്റുകൊടുത്ത്) മറ്റേയാളെ കുടുക്കിയാൽ, നിന്നെ ഞാൻ വെറുതെ വിടും. മറ്റേയാൾക്ക് 3 വർഷം ജയിൽ ശിക്ഷ കിട്ടും."

  • "ഇനി അവൻ നിന്നെ ഒറ്റിക്കൊടുക്കുകയും, നീ മിണ്ടാതിരിക്കുകയും ചെയ്താൽ, അവന് രക്ഷപ്പെടാം. നിനക്ക് 3 വർഷം ജയിൽ കിട്ടും."

  • "നിങ്ങൾ രണ്ട് പേരും കുറ്റം സമ്മതിച്ചാൽ, രണ്ടുപേർക്കും 2 വർഷം വെച്ച് ജയിൽ കിട്ടും."

  • "ഇനി നിങ്ങൾ രണ്ടുപേരും മിണ്ടാതിരുന്നാൽ, തെളിവില്ലാത്തതുകൊണ്ട് ചെറിയൊരു വകുപ്പ് ഇട്ട് 1 വർഷം തടവ് തന്ന് വിടാം."

ഇവിടെയാണ് കൺഫ്യൂഷൻ.

രമണൻ ആലോചിക്കും: "ഞാൻ മിണ്ടാതിരുന്നിട്ട് ദാസൻ എന്നെ ഒറ്റിക്കൊടുത്താലോ? എനിക്ക് പണി കിട്ടും, അവൻ രക്ഷപ്പെടും. ഇനി അവൻ മിണ്ടാതിരുന്നാലോ? എന്നാലും എനിക്ക് കുറ്റം സമ്മതിക്കുന്നതാണ് ലാഭം. എനിക്ക് ശിക്ഷയേ കിട്ടില്ല. അതുകൊണ്ട് എന്ത് സംഭവിച്ചാലും അവനെ ഒറ്റിക്കൊടുക്കുന്നതാണ് ബുദ്ധി."

ഇതേ കാര്യം അപ്പുറത്തെ മുറിയിലിരുന്ന് ദാസനും ചിന്തിക്കും. "ഒറ്റിക്കൊടുക്കുന്നതാണ് സേഫ്."

 രണ്ടുപേരും പരസ്പരം ഒറ്റിക്കൊടുക്കും. രണ്ടുപേർക്കും 2 വർഷം തടവ് കിട്ടും. യഥാർത്ഥത്തിൽ രണ്ടുപേരും മിണ്ടാതിരുന്നിരുന്നെങ്കിൽ വെറും 1 വർഷം കൊണ്ട് അവർക്ക് പുറത്തിറങ്ങാമായിരുന്നു. പക്ഷേ പരസ്പരം വിശ്വസിക്കാൻ പറ്റാത്തതുകൊണ്ട് അവർക്ക് വലിയ ശിക്ഷ കിട്ടി.

നമ്മുടെ ഓഫീസുകളിലും ബിസിനസ്സിലും ഇത് നടക്കുന്നുണ്ട്. ഉദാഹരണത്തിന്, കൊക്കകോളയും പെപ്സിയും. രണ്ടുപേരും വില കുറയ്ക്കാതെ നിന്നാൽ രണ്ടുപേർക്കും നല്ല ലാഭം കിട്ടും. പക്ഷേ ഒരാൾ വില കുറച്ചാൽ, അവർക്ക് കൂടുതൽ കച്ചവടം കിട്ടും, മറ്റേയാൾക്ക് നഷ്ടം വരും. അതുകൊണ്ട് പേടിച്ചിട്ട് രണ്ടുപേരും വില കുറയ്ക്കും. ഫലമോ? രണ്ടുപേർക്കും ലാഭം കുറയും.

സ്വാർത്ഥമായി ചിന്തിക്കുന്നത് എപ്പോഴും ഗുണം ചെയ്യില്ല. ചിലപ്പോഴൊക്കെ കണ്ണുമടച്ച് വിശ്വസിക്കുന്നതാണ് എല്ലാവർക്കും നല്ലത്. പക്ഷേ ആര് ആദ്യം വിശ്വസിക്കും? അതാണ് ചോദ്യം.

വളരെ പുതിയ വളരെ പഴയ